TMJ
searchnav-menu
post-thumbnail

Outlook

ദക്ഷിണ കൊറിയന്‍ 22-ാമത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ്: ഫലങ്ങളും പ്രത്യാഘാതങ്ങളും

29 May 2024   |   6 min Read
മുഹമ്മദ് ഉനൈസ്


2024 ഏപ്രില്‍ 10 ന്, 300 പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ദക്ഷിണ കൊറിയ അവരുടെ ഇരുപത്തിരണ്ടാമത് പൊതു തിരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചു. 2020-ലെ തിരഞ്ഞെടുപ്പില്‍ നിന്നും നാലുവര്‍ഷങ്ങള്‍ക്ക് ശേഷം ഇരുപത്തിരണ്ടാമത് ദേശീയ അസംബ്ലിയെ തിരഞ്ഞെടുക്കുന്നതിനിടയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ ദക്ഷിണ കൊറിയയില്‍ സംഭവിച്ചിട്ടുണ്ടായിരുന്നു. 2022 മാര്‍ച്ചില്‍, ശക്തമായി മത്സരം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ദക്ഷിണ കൊറിയയിലെ വോട്ടര്‍മാര്‍ പീപ്പിള്‍ പവര്‍ പാര്‍ട്ടിയില്‍ (പിപിപി) നിന്ന് യൂന്‍ സുക്-യോളിനെ അവരുടെ പ്രസിഡന്റായി അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുകയും, ഡെമോക്രാറ്റിക് പാര്‍ട്ടിയെ (ഡിപി) ഭരണകക്ഷിയായ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. യൂന്‍ സുക്-യോളിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഭരണകൂടത്തിന്റെ പുനരുജ്ജീവനത്തോടെ ആഭ്യന്തര-വിദേശനയത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് ദക്ഷിണ കൊറിയ സാക്ഷ്യംവഹിച്ചിരുന്നു, പ്രത്യേകിച്ചും നോര്‍ത്ത് കൊറിയയുമായുള്ള ബന്ധത്തില്‍ പരുന്തവീക്ഷണം നിലനിര്‍ത്തിയതും, അമേരിക്കന്‍ ഇന്‍ഡോ-പസഫിക് ചട്ടക്കൂടിലേക്ക് രാജ്യത്തിന്റെ വിദേശനയത്തെ ഏകോപിപ്പിക്കുകയും, യുഎസ്-ചൈന വലിയ ശക്തി മത്സരത്തില്‍ തന്ത്രപരമായ വ്യക്തത പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആഭ്യന്തരതലത്തിലും, വിദേശനയത്തിലും യാഥാസ്ഥിതിക ഭരണകൂടത്തിന്റെ ഏറ്റവും തിരക്കുള്ള സമയത്താണ് രാജ്യം പൊതു തിരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചത്.

ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ (PR) അനുസരിച്ച് നടത്തപ്പെടുന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിലെ 300 സീറ്റുകളില്‍ 254 എണ്ണം നേരിട്ട് ഒരു ജില്ലയെ പ്രതിനിധീകരിക്കുന്നതും, ബാക്കി 46 സീറ്റുകള്‍ ആനുപാതിക പ്രതിനിധികളുമാണ്. ഈ സമ്പ്രദായത്തിന് കീഴില്‍ പൊതുജനങ്ങള്‍ ഇരുവോട്ടിംഗ് രേഖപ്പെടുത്തിക്കൊണ്ട് അവരുടെ ദേശീയ അസംബ്ലിയെ തിരഞ്ഞെടുക്കുന്നു. 2020 ലെ 21-ാമത് ദേശീയ അസംബ്ലിയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്, അന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (DP) 180 (163+17) സീറ്റുകളും, പീപ്പിള്‍ പവര്‍ പാര്‍ട്ടിക്ക് (PPP) 103 (84+19) സീറ്റുകളും നല്‍കിക്കൊണ്ട് ദക്ഷിണ കൊറിയന്‍ ജനത അവരുടെ 21-ാം മത് ദേശീയ അസംബ്ലിയെ തിരഞ്ഞെടുക്കുകയായിരുന്നു.

യൂന്‍ സുക്-യോള്‍ | PHOTO: FACEBOOK
22-ാം മത് ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍

ഏപ്രില്‍ 10 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി (ഡിപി) ക്ക് അനുകൂലമായാണ് പര്യവസാനിച്ചത്, തുടര്‍ച്ചയായ തവണയും ദക്ഷിണകൊറിയന്‍ ജനങ്ങള്‍ (ഡിപി) ക്ക് ഒപ്പം നിന്നു. നേരിട്ട് മത്സരിക്കപ്പെട്ട 254 സീറ്റുകളില്‍ 161 സീറ്റ് എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെ മികച്ച വിജയം നേടി. നിലവിലെ ഭരണകക്ഷിയായ പീപ്പിള്‍ പവര്‍ പാര്‍ട്ടി (പിപിപി) ക്ക് 90 സീറ്റുകള്‍ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ സമീറേ പാര്‍ട്ടി, ന്യൂ റിഫോം പാര്‍ട്ടി, ജിന്‍ബോ പാര്‍ട്ടി എന്നിവ ഓരോ സീറ്റുകള്‍ വീതം നേടി. ആനുപാതിക പ്രാതിനിധ്യത്തിനായി സംവരണം ചെയ്തിട്ടുള്ള 46 സീറ്റുകളുടെ കാര്യമെടുക്കുമ്പോള്‍, നേരിയ ഭൂരിപക്ഷം പിപിപി ക്ക് ഒപ്പമായിരുന്നു. ഡിപിയാകട്ടെ അതിന്റെ ഉപഗ്രഹ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യുണൈറ്റഡിലൂടെ 14 സീറ്റുകള്‍ നേടി, അതേസമയം പിപിപി അതിന്റെ ഉപഗ്രഹ പാര്‍ട്ടിയായ പീപ്പിള്‍ ഫ്യൂച്ചറിലൂടെ 18 സീറ്റുകളും നേടി.  ബാക്കിവരുന്ന 14 സീറ്റുകളില്‍ മുന്‍ നീതിന്യായ മന്ത്രി ചോ കുക്കിന്റെ നേതൃത്വത്തിലുള്ള റീബില്‍ഡിംഗ് കൊറിയ പാര്‍ട്ടി 12 സീറ്റുകള്‍ നേടിയപ്പോള്‍, അവശേഷിക്കുന്ന 2 സീറ്റുകള്‍ ന്യൂ റിഫോം പാര്‍ട്ടിക്കായിരുന്നു. ഇനി പോളിങ്ങിന്റെ കാര്യമെടുക്കുമ്പോള്‍, 2020 ലെ തിരഞ്ഞെടുപ്പിന്റെ 66.2 എന്ന റെക്കോര്‍ഡ് പോളിങ്ങിനെ മറികടന്നുകൊണ്ട് 67 ശതമാനത്തിന് മുകളിലേക്ക് കടന്നു. അങ്ങനെ, കഴിഞ്ഞ 32 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയ 22-ാം ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ 175 സീറ്റുകളുമായി ഡിപി ഭൂരിപക്ഷം നിലനിര്‍ത്തി, അതേസമയം പിപിപിക്ക് ആകെ 108 സീറ്റുകളാണ് ലഭിച്ചത്.

പ്രധാനമായ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളായ DP യുടെയും, PPP യുടെയും മത്സരനേട്ടങ്ങളുടെ വശത്ത് നിന്നല്ലാതെ നോക്കുമ്പോഴും 22-ാം ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് ദക്ഷിണ കൊറിയന്‍ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഒരു പുതിയ ചിത്രം വരച്ചുകാട്ടുന്നുണ്ട്. കാരണം, മുന്‍ നീതിന്യായ മന്ത്രി ചോ കുക്കിന്റെ നേതൃത്വത്തിലുള്ള റീബില്‍ഡിംഗ് കൊറിയ പാര്‍ട്ടി (ആര്‍കെപി) പോലുള്ള ചെറിയ പാര്‍ട്ടികളുടെ രാഷ്ട്രീയ അരങ്ങേറ്റം പ്രാധാന്യമര്‍ഹിക്കുന്ന നേട്ടങ്ങളോടുകൂടിയാണ് പര്യവസാനിച്ചത്. ആര്‍കെപി ആനുപാതിക പ്രാതിനിധ്യത്തിലൂടെ മാത്രം 12 സീറ്റുകള്‍ നേടി എന്നുള്ളത് പ്രശംസനീയമാണ്. അതുപോലെതന്നെ, മുന്‍ പിപിപി തലവന്‍ ലീ ജുന്‍-സിയോക്കിന്റെ നേതൃത്വത്തിലുള്ള ന്യൂ റിഫോം പാര്‍ട്ടിയും (എന്‍ആര്‍പി) നേരിട്ട് മത്സരിച്ചുകൊണ്ട് ഒരു സീറ്റും, ആനുപാതികമായി രണ്ട് സീറ്റുകളും നേടിയിട്ടുണ്ട്. മറ്റ് ന്യൂനപക്ഷ പാര്‍ട്ടികളായ സമീറേ പാര്‍ട്ടി, ജിന്‍ബോ പാര്‍ട്ടി എന്നിവയും ഓരോ സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇത്തരം ചെറിയ പാര്‍ട്ടികളുടെ സീറ്റുകളുടെ എണ്ണം കുറവാണെങ്കില്‍ പോലും, ഈ പാര്‍ട്ടികളെല്ലാം തന്നെ നിലവിലെ യൂണ്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതായി കാണാം. അങ്ങനെ വരുമ്പോള്‍ നിയമസഭയിലെ ഇവരുടെ പ്രതിനിധാനം അനിവാര്യ സമയങ്ങളില്‍ DP ക്ക് ഗുണം ചെയ്യും. മാത്രമല്ല, ഇത്തരം പാര്‍ട്ടികളുടെ പിന്തുണ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും, അല്ലെങ്കില്‍ സാധ്യതയുള്ള ഇംപീച്ച്‌മെന്റ് നടപടികളിലും DP ക്ക് അനുകൂലമായ നിയമസഭാന്തരീക്ഷം സൃഷ്ടിച്ചേക്കാം.

ഇതെല്ലാം പരിഗണിച്ചുകൊണ്ട് നോക്കുമ്പോള്‍, ദക്ഷിണകൊറിയന്‍ ജനത നിലവിലെ യൂണിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക ഭരണകൂടത്തെ വ്യക്തമായും ശക്തമായും തങ്ങളുടെ സമ്മതിദാനത്തിലൂടെ എതിര്‍ക്കുന്നു എന്നതാണ് കാണാന്‍ കഴിയുന്നത്. രാജ്യത്തിന്റെ വിദേശനയത്തിലും, നയതന്ത്രത്തിലും കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടുപോലും ദക്ഷിണ കൊറിയന്‍ പൗരന്മാരുടെ പ്രസിഡന്റ് യൂണ്‍ സുക് യോളിനോടും, പീപ്പിള്‍ പവര്‍ പാര്‍ട്ടിയുടെയും അംഗീകാരത്തിന്റെ നിലവാരം അളക്കുന്നതിനുള്ള അവസരമെന്ന നിലയില്‍ തിരഞ്ഞെടുപ്പ് ഉപയോഗിക്കപ്പെട്ടതായി മനസ്സിലാക്കാവുന്നതാണ്.

REPRESENTATIVE IMAGE | WIKI COMMONS
യൂണിന്റെ ശേഷിക്കുന്ന മൂന്ന് വര്‍ഷത്തെ കാലാവധിയും നിയമനിര്‍മ്മാണത്തിലെ തടസ്സങ്ങളും

DP  യുടെ വിജയം, പ്രസിഡന്റ് യൂണും നിയമനിര്‍മ്മാണ സമിതിയും തമ്മിലുള്ള ഉലച്ചാബന്ധത്തിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ, യൂണിന്റെ ശേഷിക്കുന്ന മൂന്ന് വര്‍ഷം അത്ര സുഖകരമായിരിക്കില്ല എന്നത് തീര്‍ച്ചയാണ്. DP ക്ക് 175 സീറ്റുള്ളതുകൊണ്ട് 108 സീറ്റുകളുള്ള ഭരണകക്ഷിയായ PPP അവതരിപ്പിക്കുന്ന പ്രധാന നിയമനിര്‍മ്മാണങ്ങള്‍ എല്ലാംതന്നെ കടുത്ത എതിര്‍പ്പിനെ അഭിമുഖീകരിക്കേണ്ടി വരും. മാത്രമല്ല, മറ്റ് മൈനര്‍ പാര്‍ട്ടികളുടെ 17 അംഗങ്ങളും ഭരണകക്ഷിക്കെതിരെ തിരിയുന്നതിന് DP ക്ക് അനുകൂലമായി നിലകൊണ്ടേക്കാം. 2020 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2024 വരെയുള്ള 21-ാം നിയമസഭയ്ക്ക് അതിന്റെ നിയമനിര്‍മ്മാണത്തിന്റെ 29.2 ശതമാനം മാത്രമാണ് നിയമമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇത് മുന്‍ Moon Jae-in ഗവണ്‍മെന്റിന്റെ കാലത്തെ 61.4 ശതമാനം എന്ന നിയമനിര്‍മാണ പാസേജ് നിരക്കിനേക്കാള്‍ വളരെ കുറവാണ്. അങ്ങനെ നോക്കുമ്പോള്‍, 22-ാം നിയമസഭയില്‍ DP ക്ക് അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് നിയമനിര്‍മ്മാണത്തിന്റെ നിരക്ക് ഇനിയും കുറയാനുള്ള സാധ്യതയാണ് കാണാന്‍ കഴിയുന്നത്. ഇത് പ്രധാന ബില്ലുകള്‍ പാസ്സാക്കുന്നതിനും, തീര്‍പ്പാക്കാത്ത ബില്ലുകള്‍ പാസ്സാക്കുന്നതിനും നിയമനിര്‍മാണം നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. പ്രത്യേകമായി, ഈ വര്‍ഷം യൂണ്‍ വാഗ്ദാനം ചെയ്ത നിര്‍ണായക പദ്ധതികളായ ഭവനവിതരണം വര്‍ദ്ധിപ്പിക്കുക, ഗ്രീന്‍ബെല്‍റ്റ് സോണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുക, പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആഭ്യന്തര പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രതിപക്ഷ ഭൂരിപക്ഷ സഭ വിള്ളലുകള്‍ സൃഷ്ടിച്ചേക്കാം.

ഭരണകക്ഷിയുടെ നിയമനിര്‍മ്മാണ ഇടപെടലുകള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ക്ക് പുറമെ, പ്രസിഡന്റിനെതിരെയും, PPP ക്കെതിരെയും നിലനില്‍ക്കുന്ന വിവാദ വിഷയങ്ങളില്‍ DP യുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയുടെ സമ്മര്‍ദ്ദം നിയമസഭയില്‍ പ്രത്യേക അന്വേഷണം ആരംഭിക്കണമെന്ന വെല്ലുവിളിയും യൂണ്‍ അഭിമുഖീകരിക്കേണ്ടി വരും. പ്രത്യേകിച്ചും, 2009-2012 കാലഘട്ടത്തില്‍ സ്റ്റോക്ക് വില കൃത്രിമവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രാജ്യത്തിന്റെ പ്രഥമ വനിതയെ (പ്രസിഡന്റിന്റെ ഭാര്യ) ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ, പ്രധാനമായ വിവാദങ്ങളായ മുന്‍ പ്രതിരോധ മന്ത്രി ലീ ജോങ്-സുപ്പിന്റെ നിയമനം,  മറൈന്‍ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ presidential ഓഫീസിന് നേരെയുള്ള വിവാദത്തിലും തുടരന്വേഷണം നടത്താന്‍ പ്രതിപക്ഷം തിടുക്കം കൂട്ടുമെന്നും പ്രതീക്ഷിക്കാം. കൂടാതെ മുന്‍ മന്ത്രിമാരും, PPP യിലെ ഉയര്‍ന്ന ഭരണനേതൃത്വവും ഉള്‍പ്പെട്ട കേസുകളുടെ വെളിച്ചത്തില്‍ ഇംപീച്ച്‌മെന്റ് നടപടികളെ ഏകോപിപ്പിക്കാനും പ്രതിപക്ഷത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുന്നതിന് യൂണ്‍ തന്റെ വീറ്റോ അധികാരം ഉപയോഗപ്പെടുത്തുന്നത് തുടരേണ്ട സാഹചര്യം നേരിടും. മാത്രമല്ല, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിവാദമായ മെഡിക്കല്‍ സ്‌കൂള്‍ ക്വാട്ട വര്‍ധനവിനെതിരെയുള്ള ഡോക്ടര്‍മാരുമായുള്ള ഏറ്റുമുട്ടലില്‍ പ്രായോഗികമായ അയവുകള്‍ സ്വീകരിക്കുന്നതിലേക്കും യൂണിനെ നയിച്ചേക്കാം.

ലീ ജോങ്-സുപ്പ് | PHOTO: FACEBOOK
തിരഞ്ഞെടുപ്പ് ഫലവും വിദേശനയത്തിലെ സ്വാധീനവും

പ്രതിപക്ഷത്തിന് അനുകൂലമായ ഈ തിരഞ്ഞെടുപ്പ് ഫലം ദക്ഷിണ കൊറിയന്‍ വിദേശ നയത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുക? അധികാരത്തില്‍ വന്നതിനുശേഷം പ്രസിഡന്റ് yoon suk yeol ദക്ഷിണ കൊറിയന്‍ വിദേശനയത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കും, നേട്ടങ്ങള്‍ക്കും വേദിയൊരുക്കിയിട്ടുണ്ടായിരുന്നു. മുന്‍ president മൂണ്‍ jae in ല്‍ നിന്നും വ്യത്യസ്തമായി യൂണ്‍ ഭരണകൂടം കാര്യക്ഷമമായ നയതന്ത്ര ഇടപെടലുകളാലും വേറിട്ട് നില്‍ക്കുന്നുണ്ട്. കൊറിയയെ ആഗോളതലത്തില്‍ ഒരു സുപ്രധാന രാഷ്ട്രമാക്കി മാറ്റുന്നതിനും, ദക്ഷിണ കൊറിയയുടെ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനും, അന്താരാഷ്ട്ര സമൂഹത്തില്‍ കൊറിയയുടെ ശബ്ദം നിലയുറപ്പിക്കുന്നതിനും മികച്ച ശ്രമങ്ങള്‍ യൂണ്‍ സാധ്യമാക്കി. പ്രത്യേകിച്, 2022 ഡിസംബറില്‍, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്രക്രമം നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംഭാവന നല്‍കുന്നതിനായി അദ്ദേഹം തന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായി ROK-യുടെ ഇന്റോ-പസഫിക് തന്ത്രം അവതരിപ്പിച്ചു. ഇതിലൂടെ ദക്ഷിണകൊറിയയുടെ US മായുള്ള വിദേശനയം പുനക്രമീകരിക്കുന്നതിലും തീവ്രമായ ശ്രമങ്ങള്‍ നടത്തി. അതേസമയം തന്നെ, ഇന്‍ഡോ-പസഫിക് ലെ US-ചൈന മത്സരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്ത്രപരമായ അവ്യക്തതയില്‍ നിന്ന് തന്ത്രപരമായ വ്യക്തതയിലേക്ക് അദ്ദേഹം മാറ്റി. ഏറ്റവും പ്രധാനമായി, മുന്‍ മൂണ്‍ jae in ഭരണകൂടത്തില്‍ നിന്നും വ്യത്യസ്തമായി ഉത്തരകൊറിയന്‍ വിഷയത്തിലും, ജപ്പാനുമായുള്ള ബന്ധത്തിലും സിയോളിന്റെ താല്പര്യത്തെ മാറ്റിമറിച്ചു. ഉത്തരകൊറിയന്‍ ആണവ, മിസൈല്‍ ഭീഷണികളുമായി ബന്ധപ്പെട്ട്, അമേരിക്കയുമായി ചേര്‍ന്നുകൊണ്ട് വിപുലമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ആണവ, തന്ത്രപരമായ ആസൂത്രണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും, ആണവവിരുദ്ധ ഭരണകൂടത്തിന് ഉയര്‍ത്തുന്ന ഭീഷണി നിയന്ത്രിക്കുന്നതിനുമായി ഒരു പുതിയ ആണവ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, യൂണിന്റെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയുടെ വിദേശനയത്തില്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനം കണക്കിലെടുക്കുമ്പോള്‍, കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം, മുന്‍ ദേശീയ അസംബ്ലിയില്‍ പോലും 180 സീറ്റുകളോടെ പ്രതിപക്ഷ ഡിപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നിട്ടുപോലും പ്രസിഡന്റ് യൂണിന്റെ കീഴില്‍ 103 സീറ്റുകളുള്ള ഭരണകക്ഷിയായ പിപിപി ജപ്പാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള തന്ത്രപരമായ വിദേശനയ സംരംഭങ്ങള്‍ കൊണ്ടുവരുന്നതിലും, ഉത്തരകൊറിയയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും, US മായുള്ള സഖ്യം ശക്തമാക്കുന്നതിനും പരിശ്രമിച്ചുകൊണ്ടേയിരുന്നിരുന്നു. ഉത്തരകൊറിയയുമായി ബന്ധപ്പെടുന്നതിന് moon jae in കൊണ്ടുവന്ന 'പരമാവധി ഇടപെടല്‍ നയത്തെ' പാടെ എതിര്‍ത്തുകൊണ്ട് പരുന്തവീക്ഷണം യൂണ്‍ നിലനിര്‍ത്തിയിരുന്നു. എന്നിരുന്നാലും, 22-ാമത് ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം, ഭൂരിപക്ഷം നിലനിര്‍ത്തുമ്പോള്‍ ഡിപിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം യുഎസുമായും ജപ്പാനുമായും പ്രതിരോധ ഇടപെടലുകള്‍ ശക്തമാക്കുന്നതിനെതിരെ കൂടുതല്‍ ശബ്ദമുയര്‍ത്തുമായിരിക്കാം. അതുപോലെതന്നെ, യൂണിന്റെ ജപ്പാനുമായുള്ള ഇടപെടലുകള്‍ തുടരുന്ന സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍ബന്ധിത തൊഴില്‍ നഷ്ടപരിഹാരം പുനരുജ്ജീവിപ്പിക്കാനും പ്രതിപക്ഷം ശ്രമിച്ചേക്കാം. മാത്രമല്ല, ദക്ഷിണ കൊറിയയ്ക്കും ജപ്പാനുമിടയിലുള്ള ഡോക്ഡോ ദ്വീപുകളുടെ തര്‍ക്കപ്രദേശങ്ങള്‍ സംബന്ധിച്ചും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷം തയ്യാറായേക്കും. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയ ടോക്കിയോയുടെ വാര്‍ഷിക നയതന്ത്ര ബ്ലൂബുക്കിന്റെ ഏറ്റവും പുതിയ പതിപ്പില്‍ കിഴക്കന്‍ ഡോക്ഡോ ദ്വീപുകളോടുള്ള ജപ്പാന്റെ അവകാശവാദം ഉന്നയിച്ചിരുന്നു. അതുപോലെ, ജാപ്പനീസ് ചരിത്ര ടെക്സ്റ്റ് ബുക്കുകളിലും ഡോക്ഡോ ദ്വീപുകള്‍ ജപ്പാന്റെ പ്രദേശമാണെന്ന് പ്രസ്താവിച്ചിരുന്നു. ഇതെല്ലാം യൂണിന്റെ കീഴടങ്ങുന്ന നയതന്ത്രം എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഡോക്ഡോ ദ്വീപുകള്‍ | PHOTO: FACEBOOK
വലിയ പരിധിവരെ തിരഞ്ഞെടുപ്പുകള്‍ നേരിട്ട് വിദേശ നയത്തെ സ്വാധീനിക്കാത്തതിനാല്‍ കാര്യമായ മാറ്റങ്ങള്‍ വിദേശനയ താല്‍പര്യത്തില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല. പക്ഷേ, യൂണ്‍ അധികാരത്തില്‍ വന്നത് മുതല്‍ വിദേശ നയത്തിലും, നയതന്ത്രത്തിലും ഒരുപാട് സമയവും, ശ്രമങ്ങളും നടത്തിയത് പോലെയുള്ള പ്രവണത ഈ തിരഞ്ഞെടുപ്പ് ഫലം മൂലം ഇനി സാധ്യമാകില്ല. തിരഞ്ഞെടുപ്പ് ഫലം ദക്ഷിണ കൊറിയന്‍ ജനതയുടെ പ്രസിഡന്റിനോടും, ഭരണ വിഭാഗത്തോടുമുള്ള എതിര്‍പ്പെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ വിദേശനയത്തില്‍ ശ്രദ്ധകൊടുക്കുന്നതിന് പകരം ആഭ്യന്തര വിഷയങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര രാഷ്ട്രീയവും വിദേശനയവും ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയെ രാഷ്ട്രപതി അഭിമുഖീകരിക്കും എന്നത് തീര്‍ച്ചയാണ്. തുടര്‍ന്നും വിദേശനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാല്‍ അത് ആഭ്യന്തര വിഷയത്തെ സാരമായി ബാധിക്കും. അതുകൊണ്ട് ആഭ്യന്തര നയത്തെ പ്രാഥമികമാക്കിക്കൊണ്ട് (പ്രതേകിച്ചും സാമ്പത്തിക അജന്‍ഡ, സാമൂഹിക വിഷയങ്ങള്‍,  വിലക്കയറ്റം) പ്രവര്‍ത്തിക്കുകയും, സാവധാനം തന്റെ നയതന്ത്ര ഇടപെടല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന വെല്ലുവിളി യൂണ്‍ നേരിടും. എന്നിരുന്നാലും, യൂണിന്റെ നേതൃത്വത്തിലുള്ള ഇനിയുള്ള സിയോളിന്റെ നയതന്ത്ര ബന്ധങ്ങളും, താല്‍പര്യവും കൂടുതല്‍ പ്രതിപക്ഷ നിരീക്ഷണത്തിന് വിധേയപ്പെട്ടായിരിക്കും. പ്രത്യേകിച്ചും, ആഭ്യന്തര പ്രാധാന്യമുള്ള വിദേശ നയങ്ങളില്‍ (ഉത്തരകൊറിയ, ജപ്പാന്‍) കൂടുതല്‍ സമ്മര്‍ദ്ദം പ്രതിപക്ഷത്തുനിന്നും പ്രതീക്ഷിക്കാം.

മുന്നോട്ടുള്ള വഴി

അടിസ്ഥാനപരമായി, ഈ തിരഞ്ഞെടുപ്പിനെ നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചുള്ള ജനഹിതപരിശോധനയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിനര്‍ത്ഥം ആഭ്യന്തര കാര്യങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ജനങ്ങളെയും സമൂഹത്തെയും നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എന്നിവ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യേണ്ടത് നിര്‍ബന്ധമായി വരും. പക്ഷേ, നിയമനിര്‍മ്മാണത്തിലും, അതിനുപുറത്തും പ്രതിപക്ഷത്തിന്റെ സാന്നിധ്യം ശക്തമാകുന്നതോടെ ആഭ്യന്തര വിഷയങ്ങള്‍ സുഗമമായി നടത്തുന്നത് ഏറെ പ്രയാസകരമാണ്. അതുകൊണ്ട് തന്നെ ഭരണവിഭാഗത്തിന്റെ പരിഷ്‌കരണ പദ്ധതികളുടെ കാര്യക്ഷമത പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആശ്രയിച്ചിരിക്കും. ഇതേ രീതിയില്‍ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ആഭ്യന്തര വിഷയങ്ങളുടെ പ്രത്യേക അന്വേഷണത്തില്‍ രാഷ്ട്രപതി വീറ്റോ അധികാരം ഉപയോഗിക്കുകയും ചെയ്യും എന്നുള്ളത് തീര്‍ച്ചയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ വീറ്റോ ഇതിനകം തന്നെ യൂണ്‍ ഉപയോഗിച്ചിട്ടുണ്ട്. ആഭ്യന്തര വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടലുകള്‍ നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനത്തെ സാധ്യമാക്കേണ്ടി വരും. എന്നാല്‍ വിദേശ നയത്തില്‍ ഈ രീതിയിലുള്ള അനിശ്ചിതാവസ്ഥ ഉണ്ടാകില്ല, കാരണം രാഷ്ട്രപതിയുടെ നിയമപരമായ അധികാരങ്ങളിലൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. എന്നിരുന്നാലും ആഭ്യന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം നേരിടേണ്ടി വരും. പ്രതിരോധമെന്നോണം, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളും, വിചാരണയുമെല്ലാം ഭരണവിഭാഗം ഉയര്‍ത്തിക്കാണിക്കും എന്നും പ്രതീക്ഷിക്കാം.



#outlook
Leave a comment